മനുഷ്യരുടെ ജോലികൾ കൂടുതൽ എളുപ്പമാക്കാൻ മനുഷ്യർ തന്നെ കണ്ടെത്തിയ ഉപാധിയാണ് റോബോട്ടുകൾ. നാം ചെയ്യുന്നതെന്തും, ഒരു പക്ഷെ നമുക്ക് ചെയ്യാൻ കഴിയാത്തത് പോലും നമ്മളെക്കാൾ നന്നായി കൂടുതൽ വേഗതയിൽ ചെയ്ത് തീർക്കാൻ അവയ്ക്ക് കഴിയുകയും ചെയ്യും.
പക്ഷേ എത്ര പരിശ്രമിച്ചാലും റോബോട്ടിനും മനുഷ്യനും തമ്മിലുള്ള ഒരന്തരം നമ്മുടെ ശാസ്ത്രരംഗത്തിലെ ഒരു പുരോഗതിക്കും നികത്താനാവില്ല. വികാരങ്ങൾ. ഒരിക്കലും ഒരു റോബോട്ടിന് മനുഷ്യനെ പോലെ പൊട്ടിച്ചിരിക്കാൻ കഴിയില്ല. വേദനകളിൽ നെഞ്ചുരുകി കരയാനുമാവില്ല. റോബോട്ടുകൾ കുറ്റബോധം മൂലം പശ്ചാത്തപിക്കാറില്ല.
വികാരങ്ങളില്ലാത്തവരെ നമുക്കെങ്ങനെ ആണ് ഉള്ളു തുറന്നു സ്നേഹിക്കാൻ കഴിയുക? സ്നേഹം അതേ അളവിൽ തിരികെ കിട്ടണമെന്ന് നമുക്കെങ്ങനെയാണ് അവരോട് പറയാൻ കഴിയുക? പ്രതീക്ഷകൾ യാതൊന്നുമില്ലാതെ അവരെ ഹൃദയത്തോട് ചേർത്തു നിർത്താൻ കഴിയുമെന്ന് തോന്നുന്നുണ്ടോ? ഒരുപക്ഷേ കഴിഞ്ഞെന്നു വരാം.
കൂടെ ആരുമില്ലാത്തപ്പോൾ ചേർത്തു പിടിക്കാൻ കൈകളൊന്നുമില്ലാതെ ആവുമ്പോൾ ജീവനില്ലാത്തവയെ പോലും നമ്മൾ സ്നേഹിച്ചു തുടങ്ങിയെന്ന് വരാം. പക്ഷേ ഏതെങ്കിലുമൊരു നിമിഷം ജീവന്റെ ഒരു കണിക പോലുമില്ലാത്ത അവ നമ്മളെ തളർത്തിക്കളയും, അതുറപ്പാണ്.
ഇതാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25. എത്രയോ തവണ കണ്ടും കേട്ടും പതിഞ്ഞ കഥയും ആശയവുമാണിത്. പക്ഷെ സിനിമയുടെ രൂപത്തിൽ മലയാളത്തിൽ അധികമൊന്നും കണ്ടിട്ടില്ലാത്ത ഒന്നാണ് എന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. മനുഷ്യ വികാരങ്ങളെ, ആത്യന്തികമായി സ്നേഹത്തിനോടുള്ള നമ്മുടെ അടങ്ങാത്ത അഭിനിവേശത്തിനെ പൂർണമായും ഒപ്പിയെടുക്കാൻ തിരക്കഥാകൃത്തിന് കഴിഞ്ഞിട്ടുണ്ട്.
തുടക്കം മുതൽ ഒരുപാട് പൊട്ടിച്ചിരിപ്പിച്ച സിനിമ അവസാന ഭാഗത്തോടടുക്കുമ്പോൾ തെല്ലൊന്നു വിഷമിപ്പിക്കുന്നുണ്ട്. റിയലിസ്റ്റിക്ക് സിനിമകളെ കുടുംബദസദസ്സുകൾ അത്ര കണ്ട് സ്വീകരിക്കാറില്ല. നർമരൂപത്തിൽ അവതരിപ്പിക്കുന്ന എന്നാൽ സീരിയസായ വിഷയം സമൂഹത്തോട് സിനിമകൾ പക്ഷെ അവിടെ വിജയിക്കാറുമുണ്ട്. ഇതും അത്തരമൊരു സിനിമയാണ്. കാസ്റ്റിംഗ് എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. സുരാജ് അതിമനോഹരമായി അഭിനയിച്ചു.
സിനിമയുടെ അവസാന ഘട്ടത്തിൽ ഒരേ സമയം കരയുകയും ചിരിയ്ക്കുകയും എന്നാൽ ഹൃദയം കൊണ്ട് നിർവികാരൻ ആയിപ്പോവുകയും ചെയ്ത നിസ്സഹായനായ ഒരു മനുഷ്യനായി മാറുന്ന രംഗമുണ്ട്. എന്ത് മനോഹരമായാണ് സുരാജ് അത് ചെയ്തിട്ടുള്ളത്. സംവിധായകൻ രതീഷ് ബി പൊതുവാൾ തീർച്ചയായും പ്രശംസ അർഹിക്കുന്നു.
ഒരുകാലത്ത് ഹാസ്യം മാത്രമേ കൈകാര്യം ചെയ്യാൻ കഴിയൂ എന്ന് കരുതി സ്ഥിരം നർമ്മരംഗങ്ങളിൽ തളയ്ക്കപ്പെട്ട സുരാജിനെ പോലൊരു നടനെ മലയാള സിനിമ ഇന്ന് കൂടുതൽ ആഴത്തിൽ നോക്കിക്കാണുന്നുണ്ട്. അതിന് മുതൽക്കൂട്ടായ ഒരു റോൾ തന്നെയാണ് ഈ സിനിമയിലും അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്. സൗബിനും സൈജു കുറുപ്പും kendy zirdo യും അവരുടെ റോളുകൾ ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട്. ചില കഥാപാത്രങ്ങൾക്ക് ആഴമില്ലാത്തത് പോലെ തോന്നിയെങ്കിലും നർമ്മവും പുതുമയും അത് ഏറെക്കുറെ നികത്തിയിട്ടുണ്ട്.
ആകെക്കൂടെ സുഖമുള്ളൊരു തീയ്യറ്റർ കാഴ്ച്ച തന്നെയാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ. വ്യത്യസ്തകളും പുതുമകളുമാണ് സിനിമാ ലോകത്തെ മുന്നോട്ട് നയിക്കുന്നത് എന്ന് തോന്നാറുണ്ട്. പുതിയ ആശയങ്ങൾ ഉടലെടുക്കട്ടെ. നല്ല സിനിമകൾ ഉദയം ചെയ്യട്ടെ.
B’Tech Graduate.
Blogger.
Passionate about books and movies.
Be the first to comment on "Android Kunjappan Review (Malayalam)"