ഇന്ദ്രനീലിമയോലുന്ന വിസ്മയത്തിന് മുപ്പത്തിയൊന്ന് വയസ്. ചുട്ടുപഴുത്ത് വരുണ്ടുണങ്ങി നില്‍ക്കുന്ന അംഗരാജ്യത്തിലേക്ക് മഴ പെയ്യിക്കാനായി ഋഷ്യശൃംഗനെ കൂട്ടിക്കൊണ്ട് വന്ന അഭൗമ സൗന്ദര്യമുള്ള വൈശാലിയെ മലയാളി അത്ര പെട്ടെന്നൊന്നും മറക്കില്ല. 1988 ആഗസ്റ്റ് 25 ന് വൈശാലി റിലീസാകുമ്പോള്‍ അന്ന് വരെ മലയാളി കണ്ട സിനിമാ സമവാക്യങ്ങളെല്ലാം മാറി മറിയുകയായിരുന്നു. പിന്നീട് നടന്നത് ചരിത്രം. ഇന്ദ്രനീലിമയോലുന്ന അനുരാഗതരംഗങ്ങളും അറിയാത്ത പൊരുളുകളും ഒക്കെയായി പുരാണത്തിലെ വൈശാലിയെ ഭരതനെന്ന സംവിധായകന്‍ തന്റെ നിറക്കൂട്ടുകള്‍ കൊണ്ട് അടയാളപ്പെടുത്തിയപ്പോള്‍ മലയാളം കണ്ട എവര്‍ഗ്രീന്‍ ക്ലാസിക്കുകളിലൊന്നായി അത് മാറി.
അംഗരാജ്യത്തിലെ കൊടുംവരള്‍ച്ചയ്ക്ക് പരിഹാരമായി സത്രീ സാമിപ്യമുണ്ടാകാത്ത മുനികുമാരനെ കൊണ്ട് യാഗം അനുഷ്ഠിക്കണമെന്ന് രാജഗുരു നിര്‍ദേശം നല്‍കുന്നു. അതിനായി സ്വപിതാവായ വിഭാണ്ഡകനെയല്ലാതെ മറ്റാരേയും കണ്ടിട്ടില്ലാത്ത ഋഷ്യശൃംഗനെന്ന മുനികുമാരനെ കൂട്ടിക്കൊണ്ടുവരാനുള്ള നിയോഗം മാലിനിയെന്ന ദേവദാസിയുടെ മകള്‍ വൈശാലിയിലെത്തുന്നു. ദൗത്യം നിറവേറ്റുന്നതിനായി മാലിനിയും തോഴിമാരുമൊത്ത് വൈശാലി വിഭാണ്ഡകാശ്രമത്തിലേക്ക് പുറപ്പെടുന്നു. കൗശലത്തില്‍ ഋഷ്യശൃംഗന് മുന്നിലെത്തപ്പെട്ട വൈശാലി ഒരു സ്ത്രീയാണെന്ന് പോലും അദ്ദേഹത്തിന് മനസിലാക്കാന്‍ സാധിച്ചില്ല. ക്രമേണ ഋശ്യശൃംഗന്‍ വൈശാലിയില്‍ അനുരക്തനാകുന്നു. ഒടുവില്‍ വൈശാലിയാല്‍ ആകൃഷ്ടനായി ഋശ്യശൃംഗന്‍ അവരോടൊപ്പം പിതാവറിയാതെ ലോമപാദരാജ്യത്തെത്തുന്നു. ഇതിനകം ഋശ്യശൃംഗന്റെ നിഷ്‌കളങ്കതയിലും സ്‌നേഹത്തിലും കീഴ്‌പ്പെട്ട് വൈശാലിയും അവനില്‍ അനുരക്തയായിക്കഴിഞ്ഞിരുന്നു.
വൈശാലി എന്ന ദേവദാസി പെണ്‍കുട്ടിയുടെ കഥ പറയുന്ന ഈ മനോഹര ചിത്രം
ലോമപാദരാജ്യത്തെത്തിയ ഋശ്യശൃംഗനെ, രാജഗുരുവിന്റെ ഉപദേശപ്രകാരം തന്ത്രപൂര്‍വ്വം വൈശാലിയില്‍ നിന്നകറ്റി രാജപുത്രിയായ ശാന്തയുടെ സമീപത്തെത്തിക്കുന്നു. യാഗത്തിന്റെ ഒരുക്കങ്ങള്‍ നടത്തുകയും ശാന്തയെ ഋശ്യശൃംഗനെക്കൊണ്ടു വിവാഹം കഴിപ്പിക്കുവാന്‍ രാജഗുരുവിന്റെ പ്രേരണയില്‍ രാജാവ് തീരുമാനിക്കുകയും ചെയ്യുന്നു. ഋശ്യശൃംഗന്‍ ഈ ചതി തിരിച്ചറിയുന്നില്ല. അവന്‍ ആള്‍ക്കൂട്ടത്തിനിടയില്‍ വൈശാലിയെ തിരയുന്നുണ്ടെങ്കിലും കാണുവാന്‍ സാധിക്കുന്നില്ല. ഋശ്യശൃംഗന്റെ യാഗത്തിനൊടുവില്‍ അതിശക്തമായ മഴ പെയ്യുന്നതോടെ ജനങ്ങള്‍ ആനന്ദനൃത്തമാടുന്നു. ആഘോഷാരവങ്ങള്‍ക്കിടയില്‍ രാജകിങ്കരന്മാരാലും ജനക്കൂട്ടത്തിന്റെ ആഹ്ലാദത്തിമിര്‍പ്പിനാലും ദൂരേക്ക് അകറ്റിമാറ്റപ്പെടുന്ന വൈശാലിയും, മാതാവും ഭ്രാന്തമായ ആ ആഘോഷത്തിമിര്‍പ്പുകള്‍ക്കിടയില്‍ ഒറ്റപ്പെട്ടില്ലാതാകുന്നതോടെയാണ് ചിത്രം അവസാനിക്കുന്നത്.
ഒരു നാടിന്റെ മുഴുവന്‍ കണ്ണീരിനും പരിഹാരം കാണാന്‍ തയ്യാറായി മുന്നോട്ട് വന്ന വൈശാലി എന്ന ദേവദാസി പെണ്‍കുട്ടിയുടെ കഥ പറയുന്ന ഈ മനോഹര ചിത്രം ഒരര്‍ത്ഥത്തില്‍ നിഷ്‌കളങ്കമായ പ്രണയത്തിന്റേയും ത്യാഗത്തിന്റേയും കഥ കൂടിയാണ്. വൈശാലി മഹാഭാരതത്തിലെ ഒരു പൊന്‍മുത്താണ്. ഒരു ചിത്രകാരന്റെ കരവിരുതോടെയാണ് ഭരതന്‍ വൈശാലിയെ തന്റെ ക്യാന്‍വാസിലൊതുക്കിയത്. സിനിമയിലെ ഓരോ സീനുകളുടേയും സ്‌കെച്ചുകള്‍ വരച്ചെടുത്ത് ആദ്യമേ തന്റെ വൈശാലിയെ ഭരതന്‍ ചിത്രീകരിച്ചത് മനസിലായിരുന്നു. തുടര്‍ന്ന് വൈശാലിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള പെണ്‍കുട്ടിയെ തേടിയലഞ്ഞു. ഒടുവില്‍ ആ അന്വേഷണം എത്തി നിന്നത് സുപര്‍ണയെന്ന പഞ്ചാബി പെണ്‍കുട്ടിയിലായിരുന്നു. മുന്‍പൊരിക്കല്‍ പോലും സുപര്‍ണയെ കണ്ടിട്ടില്ലാത്ത ഭരതന്‍ സിനിമയ്ക്കായി വരച്ച വൈശാലിയുടെ ചിത്രങ്ങള്‍ക്ക് പോലും സുപര്‍ണയുടെ മുഖച്ഛായയുണ്ടായിരുന്നുവെന്നതാണ് സത്യം. വൈശാലിയെന്ന ഒറ്റചിത്രം കൊണ്ട് സുപര്‍ണ കേരളക്കരയൊട്ടാകെ ഒരുപാട് ആരാധകരെ സൃഷ്ടിച്ചു. സുപര്‍ണയെന്നാല്‍ ഇന്നും മലയാളിക്ക് വൈശാലി സുപര്‍ണയാണ്.
വൈശാലിയുടെ ക്ലൈമാക്സില്‍ ഒരു മഴ പെയ്യാന്‍ ഒരു യാഗം നടക്കുന്നുണ്ട്. യാഗ വേദിയിലെ ഹോമകുണ്ഡത്തില്‍ നിന്നുയരുന്ന പുക മഴയായി പെയ്തുവെന്നാണ് മിത്ത്. മൂന്ന് ക്യാമറ വെച്ചായിരുന്നു ഈ രംഗം ഷൂട്ട് ചെയ്തത്. ഒര്‍ജിനലായിരുന്നു യാഗത്തില്‍ ചൊല്ലിയ മന്ത്രവും. അപ്പോഴതാ കുറച്ച് പെട്ടന്ന് നിലയക്കാത്ത മഴ പെയ്യുന്നു. അങ്ങനെയാണ് ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ട് ചെയ്തത്. യാതൊരു സാങ്കേതികവിദ്യകളും വളര്‍ന്നിട്ടില്ലാത്ത അന്നത്തെ കാലത്ത് വൈശാലി പോലെയൊരു സിനിമ ഭരതന്‍ എന്ന സംവിധാകയന്റെ മിടുക്ക് ഒന്ന് കൊണ്ട് മാത്രമാണ്. വൈശാലിയും കൂട്ടരും കാട്ടിലേക്കെത്തുന്ന അരയന്നത്തോണി മറിഞ്ഞ് അപകടമുണ്ടായതും, ഷൂട്ടിംഗ് ഇടവേളയില്‍ സഞ്ജയുടെ മുഖത്ത് പുലി മാന്തിയതുമൊക്കെ അന്ന് വലിയ വാര്‍ത്തയായിരുന്നു.
ഋഷ്യശൃംഗനായി സഞ്ജയും, ലോമപാദനായി ബാബു ആന്റണിയും രാജഗുരുവായി നെടുമുടി വേണുവും വിഭാണ്ഡകനായി ശ്രീരാമനും മാലിനിയായി ഗീതയും തങ്ങളുടെ വേഷങ്ങള്‍ ഉജ്ജ്വലമാക്കി. ഇന്ദ്രനീലിമയോലും എന്ന ഗാനം ചിത്രീകരിച്ച ഇടുക്കി ഡാമിനോട് ചേര്‍ന്നുള്ള ഗുഹ ഇന്നും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. വൈശാലി ഗുഹയെന്ന പേരില്‍ ഇന്നും അത് അറിയപ്പെടുന്നു.
ഒ.എന്‍.വി. കുറുപ്പ് രചിച്ച് ബോംബെ രവി സംഗീതസംവിധാനം നിര്‍വ്വഹിച്ച അഞ്ചുഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്. മികച്ച ഗാനരചയിതാവിനുള്ള ആ വര്‍ഷത്തെ ദേശീയ അവാര്‍ഡും കേരളസംസ്ഥാന അവാര്‍ഡും ലഭിച്ചു. ഇന്ദുപുഷ്പം ചൂടി നില്‍ക്കും രാത്രി എന്ന ഗാനത്തിന് ദേശീയ അവാര്‍ഡും കേരളസംസ്ഥാന അവാര്‍ഡും ആ വര്‍ഷം കെ.എസ് ചിത്രയെ തേടിയെത്തി.
ചലച്ചിത്ര മേഖല നിലനില്‍ക്കുന്നിടത്തോളം കാലം ഭരതനും വൈശാലിയും മലയാളസിനിമയുടെ മകുടത്തില്‍ ഇന്ദുപുഷ്പം ചൂടി വിലസി നില്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ഒരു സിനിമ ഭ്രാന്തി
Be the first to comment on "Bharathan’s Vaishali (1988) | A Cinematic Magic | Geethu Nair"