വിവാദങ്ങൾ ചോദ്യച്ചിഹ്നമാണെകിലും അല്ലെങ്കിലും എന്റെ വായനയെ അതൊന്നും അലട്ടിയില്ല ദീപ ടീച്ചറോട് എന്തോ ഒരിഷ്ടം കൂട്ടിയിട്ടേയുള്ളൂ. ഏറ്റവും മനോഹരമായ കാലഘട്ടം ഓർമ്മകളുടെ സുഗന്ധത്തിൽ പൊതിഞ്ഞു അങ്ങനെ വച്ചിരിക്കുന്ന അവസ്ഥ വായിക്കുന്ന ഓരോ ആളിലും ആ സുഗന്ധം അങ്ങനെ അരിച്ചിറങ്ങുന്നുണ്ടാവും. ഭൂതകാലക്കുളിരും അതുപോലെ ഒരു പുസ്തകമാണ് പേര് പോലെ തന്നെ… ബാല്യവും കൗമാരവും ഒക്കെ പലരുടെയും പുസ്തകങ്ങളിൽ പല രൂപത്തിൽ വായിച്ചിട്ടുണ്ട് എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായിരുന്നു ഭൂതകാലക്കുളിർ.
കടന്നുപോയ ഓരോ വഴികളും, സ്കൂൾ, കോളേജ്, ഇടവഴികൾ, എന്നേലും എവിടെലുംവെച്ചു കണ്ടുമുട്ടിയവരും ഏതേലുമൊക്കെ സാഹചര്യത്തിൽ നമ്മുടെ ജീവിതത്തിലൂടെ കടന്നുപോയവരുമൊക്കെ കഥയിൽ കാണാനാകും.
ഭൂതകാലത്തെപ്പോഴോ നടന്ന ഓർമ്മകളെ ഓർത്തെടുക്കുക മാത്രമല്ല അടുക്കും ചിട്ടയോടും കൂടി ലളിതമായ ഭാഷയിൽ അവതരിപ്പിക്കുക കൂടി ചെയ്താൽ മാത്രമേ വായനക്കാരനെ തൃപ്തിപ്പെടുത്താൻ കഴിയൂ അതിനു ദീപ ടീച്ചർക്ക് സാധിച്ചിട്ടുണ്ട്. നടന്നുപോയ വഴികൾ ഓരോന്നും ഇന്നത്തെ കാലഘട്ടത്തിൽ തികച്ചും ഓർമ്മകൾ മാത്രമാണെന്ന് പുസ്തകത്തിലുടന്നീളം പറയാതെ പറയുന്നുണ്ട്.
കേരള വർമ്മ കോളേജും അങ്ങോട്ടേക്കുള്ള യാത്രകളും വളരെ രസകരമായും വേദനാജനകമായും അവതരിപ്പിച്ചിട്ടുണ്ട്. ഒരു മഴ യാത്രയിൽ ബസ് മാറികയറി ഒറ്റപ്പെട്ടുപോയ പെൺകുട്ടിക്ക് ഇരുപതു രൂപ നീട്ടിയും അവളെ ആചാര്യപ്പെടുത്തി ആ സന്ധ്യാസമയം ഒറ്റപ്പെട്ടുപോകാതെ സുരക്ഷിതമായി വീട്ടിൽ എത്തിക്കുകയും ചെയ്തയാളോട് അവൾക്കെന്നും തീർത്താൽ തീരാത്ത നന്ദിയുണ്ടെന്നും ഓർമ്മയുടെ താളുകളിൽ അയാൾക്കുള്ള സ്ഥാനം വളരെ വലുതാണെന്നും പല അധ്യായങ്ങളിൽ നിന്നും വ്യക്തമായിരുന്നു. അയാളുടെ കരുതലിനെ സ്നേഹത്തിനെ സംരക്ഷണത്തിനെ ഒന്നും വിലയിട്ടുവാങ്ങാൻ ആ ഇരുപതു രൂപക്കാകില്ലെന്ന് പലപ്പോഴും ഓർമ്മപ്പെടുത്തികൊണ്ടിരുന്നു.
ടീച്ചർ ഒരു നല്ല വായനക്കാരി ആയിരുന്നു എന്ന് തോന്നിയിട്ടുണ്ട് ചെറുപ്പം മുതലേ വായനാശീലമുണ്ടെന്ന് ഏതോ അധ്യായത്തിൽ പറഞ്ഞിട്ടുമുണ്ട്. അത് ശരിവയ്ക്കും വിധമാണ് പുസ്തകത്തിലുടനീളം വന്നുപോകുന്ന കവിതകളും എഴുത്തുകാരുമെല്ലാം. ഒരുപക്ഷെ ആസ്വാദക ആയിരുന്നതിനാൽ ആവും ഇത്രമനോഹരമായി ലളിതമായ ഭാഷയിൽ ഓർമ്മകൾ എഴുതി കൂട്ടിയിരിക്കുന്നത്. ഉള്ളിലെ തോന്നലുകൾ അവ്വണ്ണം തന്നെ എഴുതി ചേർത്തിട്ടുണ്ട് ചിലപ്പോൾ ചോദ്യങ്ങളായി ചിലപ്പോൾ ഉത്തരങ്ങളായ് മറ്റ് ചിലപ്പോൾ സംശയങ്ങളും തോന്നലുകളുമൊക്കെയായി ചില ജീവിതങ്ങൾ ചില സർവ്വകലാശാലകൾ തന്നെയാണെന്ന് അല്ലേ എന്ന് ചോദിക്കുമ്പോലെ വായനയിൽ എപ്പോഴോ നമുക്കും തോന്നിയേക്കാം. പ്രണയവും സൗഹൃദവും സ്നേഹവും പുരാണവും സങ്കടവും ഒക്കെ ചേർന്ന ഇരുപത്തിയഞ്ചു ചെറു കഥകളടങ്ങിയ പുസ്തകമാണ് കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ. തീർച്ചയായും ഓരോ വായനക്കാരെയും തൃപ്തിപെടുത്തുന്ന രീതിയിലുള്ള ശൈലിയും ഒക്കെആവോളമുണ്ട് പുസ്തകത്തിൽ തീർച്ചയായും വായിക്കാത്തവർക്ക് വായിക്കാൻ സമീപിക്കാവുന്ന പുസ്തകമാണ് ഇത്.
അക്ഷരങ്ങളുടെയും സിനിമകളുടെയും ലോകത്ത് പറന്നു നടക്കാൻ ഇഷ്ടം. പ്രണയമാണ് അക്ഷരങ്ങളോട്.
Be the first to comment on "Kunnolamundallo Bhoothakalakkulir by Deepa Nisanth"