Mayyazhippuzhayude Theerangalil | Book Review (Malayalam)

Mayyazhippuzhayude Theerangalil

പുസ്തകം: മയ്യഴിപ്പുഴയുടെ തീരങ്ങളിൽ
രചന: എം. മുകുന്ദന്‍
പ്രസാധനം: ഡി സി ബുക്സ്
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ഒരു ഗീതികയാണ്‌. ശാന്തമായൊഴുകുന്ന മാഹിപ്പുഴയ്ക്ക്‌ സമാന്തരമായി കാലങ്ങളുടെ മണൽത്തിട്ടകളെ നനച്ചു കൊണ്ട്‌, സ്മൃതികളുടെ കരകളെ കണ്ണീരിനാലും കിനാക്കളാലും ഓളം തല്ലിക്കൊണ്ട്‌ ഒഴുകിയ ഒരു ജനതയുടെ, അവരുടെ ആത്മസമരത്തിന്റെ ഗീതിക.

ഇന്ത്യൻ സ്വാതന്ത്ര്യസമരം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം ഫ്രഞ്ചധീന മയ്യഴിയുടെ മടിത്തട്ടിൽ ദാമു റൈട്ടറുടെയും കൗസുവമ്മയുടെയും മകനായി പിറന്നു വീണ ദാസനാണ്‌ കഥയിലെ കേന്ദ്രകഥാപാത്രം.

എന്നാൽ ദാസന്റെ പിറവിക്കും മുൻപേ മയ്യഴിയുടെ മണ്ണിലും മയ്യഴിയുടെ മക്കളുടെ ഉള്ളിലും വേരു പിടിച്ച ഫ്രഞ്ച്‌-സങ്കരവർഗ്ഗ സംസ്കാരങ്ങളുടെ, അവരുടെ വരേണ്യതയുടെ, ജനങ്ങളോടുള്ള ഇടപെടലുകളുടെ സൗകുമാര്യത്തെയൊക്കെ എം മുകുന്ദൻ മടി കൂടാതെ യഥേഷ്ടം വിവരിക്കുന്നുണ്ട്‌. ദാവീദ്‌ സായിപ്പിന്റെ കൂടെ നിത്യേന അന്തിയുറങ്ങാൻ പോകുന്ന കുഞ്ഞിച്ചിരുതയും, ലെസ്ലി സായ്‌വിന്റെ കുതിരക്കുളമ്പടികൾക്ക്‌ ആരാധനയോടെ കാത്തിരിക്കുന്ന കൊറുമ്പിയമ്മയുമെല്ലാം വായനക്കാരന്റെ മനസ്സിന്റെ കാൻവാസിൽ വരച്ചിടുന്നത്‌ സ്വയം സ്വീകരിച്ച, അഥവാ മനസ്സാ അംഗീകരിച്ച അടിമത്തത്തിന്റെ, ഫ്രഞ്ച്‌ ഔന്നത്യത്തിന്റെ ചിത്രങ്ങളാണ്‌. രാത്രികളിൽ മെറിയുടെയും മൂപ്പൻ സായ്പ്പിന്റെ ബംഗ്ലാവിന്റെ മുന്നിലൂടെയും കുതിച്ചു പായുന്ന കുതിരവണ്ടികളിൽ മയ്യഴിക്കാർ കാണുന്നത്‌ തങ്ങളുടെ ഉടയവരെയാണ്‌. അവരുടെ സ്വപ്നങ്ങളിൽ നിറയുന്നത്‌ വെള്ളക്കാരുടെ നാടും ചട്ടകാരുടെ ജീവിതവുമാണ്‌. അതുകൊണ്ടു തന്നെയാണ്‌ കൊറുമ്പിയമ്മയും മകൻ ദാമുവും പഠിക്കാം മിടുക്കനായ ദാസനെ സാധ്യമായത്ര നന്നായി പഠിപ്പിക്കുവാൻ തീരുമാനിക്കുന്നത്‌. ഒരു നുള്ള്‌ പൊടി (പുകയിലപ്പൊടി, മൂക്കുപൊടി) വാങ്ങിക്കാനും, കോട്ടും തൊപ്പിയും ഇട്ടു ഋയൂ ദ്‌ റംസിദാസിലൂടെയും നടക്കുവാനുമാണ്‌ കൊറുമ്പിയമ്മ ദാസനെക്കൊണ്ട്‌ സ്വപ്നങ്ങൾ നെയ്യുന്നത്‌. ഏവരുടെയും പ്രതീക്ഷയ്ക്കൊത്തു ദാസൻ സ്കൂളും ബ്രവേയും പാസാകുന്നു.

1900ങളിൽ ബ്രിട്ടീഷ്‌ ഇന്ത്യക്കു സമാന്തരമായി വളർന്നിരുന്ന മയ്യഴിയുടെ ഫ്രഞ്ച്‌ ഇന്ത്യയുടെ ഭൂമിശാസ്ത്രവും രാഷ്ട്രീയവുമാണ്‌ പശ്ചാത്തലമെങ്കിലും, സാഹചര്യവും കഥാതന്തുവും ആവശ്യപ്പെടുന്ന ഇന്ത്യൻ രാഷ്ട്രീയം വിവരിക്കാൻ എഴുത്തുമാരൻ മടിച്ചിട്ടില്ല. രണ്ടാം ലോക മഹയുദ്ധവും ഹിറ്റ്‌ ലറും ഗാന്ധിയും നെഹ്രുവും ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ശക്തിവത്തായ ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളും കഥയിൽ കടന്നു വരുന്നു. ഒരു സാധാരണ ബാലനിൽ നിന്നു മയ്യഴിയുടെ സ്വാതന്ത്ര്യപ്പോരാളി എന്ന നിലയിലേക്ക്‌ ദാസനെ വളർത്താൻ പാകത്തിനുള്ള രാഷ്ട്രീയ ഇടപെടലുകളും ചിന്തകളും എം മുകുന്ദൻ നമ്മോടു പങ്കു വയ്ക്കുന്നു.
പോണ്ടിച്ചേരിയിൽ നിന്നു ഉയർന്ന വിദ്യാഭ്യാസം നേടി തിരിച്ചെത്തുന്ന ദാസൻ സ്വകുടുംബത്തെയും നാട്ടുകാരെയും “സ്റ്റേറ്റിനെ”യും വരെ അമ്പരപ്പിച്ച്‌ സ്യൂട്ടും കോട്ടുമിടാതെ അരക്കൈയ്യൻ ഷർട്ടുമായി വന്നിറങ്ങുന്നതു മുതലാണ്‌ നോവൽ പ്രക്ഷുബ്ദമാവുന്നത്‌. യാഥാസ്ഥിതിക ചിന്തകളിൽ നിന്നും ആചാരങ്ങളിൽ നിന്നും സ്വയം മുക്തി നേടി ജീവിതം തിരഞ്ഞെടുത്ത ഒരു കൂട്ടം യുവാക്കളുടെ പ്രതിനിധിയായി ദാസൻ സമരത്തിനിറങ്ങുന്നു. സ്വാതന്ത്ര്യം മാത്രമല്ല, സ്വമനസ്സിന്റെ ചങ്ങലക്കെട്ടുകളെയും കടമകളുടെ ബന്ധനങ്ങളേയും പറിച്ചെറിയുന്നയുന്നതായിരുന്നു സമരത്തിന്റെ ലക്ഷ്യം.

എന്നാൽ ചരിത്രത്തിന്റെ സുവർണ്ണലിപികളിൽ എഴുതപ്പെടേണ്ടിയിരുന്ന ദാസന്റെ നാമം ഒടുവിൽ ഒരു മെലോഡ്രമാറ്റിക്‌ നായകനാമമായി വിധിയിൽ അവശേഷിക്കുന്നു. പോരാട്ടത്തിൽ അയാൾക്കു സ്വന്തം പിതാവിന്റെ സ്നേഹം നഷ്ടപ്പെടുന്നു. കുടുംബത്തിൽ നിന്നു പുറത്താവുന്നു. സമരം അടിച്ചമർത്താനുള്ള പടക്കപ്പലിന്റെ വരവോടെ സ്വന്തം നാട്ടിൽ നിന്നു പോലും അയാൾ തിരസ്കൃതനും ബഹിഷ്കൃതനുമാവുന്നു. ഒടുവിൽ, എല്ലാമൊടുങ്ങിയിട്ടും ജീവിതത്തിൽ പൂർണത നേടാതെ അലഞ്ഞ ദാസനു തന്റെ പ്രണയത്തെയും നഷ്ടപ്പെടുന്നു.

കേവലം ഒരു കഥാപാത്രത്തിലും അതിന്റെ വളർച്ചയിലും മാത്രമൊതുങ്ങന്നതല്ല നോവലിന്റെ ആഖ്യാനം. മാഹിപ്പുഴയുടെ തീരത്തെ ജനതയുടെ വിശ്വാസങ്ങൾ, ആചാരങ്ങൾ, മാനസികവ്യാപാരങ്ങൾ, ചിന്താമണ്ഡലങ്ങൾ എന്നിവയെല്ലാം വിശദമായ പരിശോധനയ്ക്കു വിധേയമാവുന്നുണ്ട്.

മലയൻ ഉത്തമന്റെ തിറയാട്ടക്കഥ ഉദാഹരണം. വിപ്ലവം മനസ്സിൽ കൊളുത്തിയ ഉത്തമൻ പക്ഷേ വിധിവൈപരീത്യമെന്നോണം മിത്തിനടിപ്പെട്ടു മരണമടയുന്നത്‌ മാജിക്കൽ റിയലിസമോ അമാനുഷികതയോ അല്ല, ജീവിതത്തിന്റെ പച്ചയായ യാഥാർത്ഥ്യമാണ്‌. ഒരു കാലത്ത്‌ ദേശത്തൊട്ടകെ പടർന്ന വസൂരിയും, വെളുത്തച്ചനും ദേവിയും തമ്മിലുള്ള യുദ്ധവുമെല്ലാം മിത്തിനും ജീവിതരീതിക്കും ഇടയിൽ ഇഴ ചേർന്നു കിടക്കുന്നു.

ചടച്ച, ഷണ്ഡമായ യുവത്വത്തെ നാലു ചുവരുകൾക്കുള്ളിൽ ബന്ധിച്ച്‌ പതിറ്റാണ്ടുകൾ സ്വയമേൽപ്പിച്ച കാരാഗൃഹവാസത്തിനൊടുവിൽ, വാർദ്ധക്യത്തിൽ അവസാനമായൊരു സൂരാസ്തമയം കൂടെ കാണാനിറങ്ങി കടൽത്തീരത്തസ്തമിച്ച ലെസ്ലി സായ്‌വിന്റെ മകൻ ഗസ്തോൻ നിസ്സഹായമായ ജീവിതസന്ധികളുടെ പ്രതീകമാണ്‌.

അന്ത്യത്തിൽ, നൂറ്റാണ്ടുകളായി മയ്യഴിയുടെ മക്കളെ ഭരിച്ച, സേവിച്ച വെള്ളക്കാരും അവരുടെ സങ്കരങ്ങളും സംസ്കൃതിയും വേരറ്റു പോവുന്നു. ശേഷിച്ചവർ “പറാൻസി”ലേക്ക്‌ കപ്പലേറുന്നു. മാഹി സംസ്കാരത്തോടു ഇത്രയേറേ ഇടകലർന്നു കിടന്ന പരന്ത്രീസ്‌ വ്യവസ്ഥയോടു യാത്ര പറയാനാവാതെ വിലാപയാത്ര നടത്തുന്ന നാട്ടുകാർ മറ്റൊരു ബിംബമാണ്‌. അടിമത്തത്തിൽ അസ്തിത്വം കണ്ടെത്തിയ ഒരു ജനതയുടെ പ്രതിബിംബം.

നോവലിന്റെ ഒടുക്കം ചെന്നു നിൽക്കുന്നത്‌ നിസ്സഹായമായ മനുഷ്യജീവിതത്തിന്റെ ദയനീയതയിലാണ്‌. സർവ്വം നഷ്ടപ്പെട്ട, പ്രജ്ഞയും ചിന്തയും പ്രണയവും നഷ്ടപ്പെട്ട ദാസൻ തന്റെ ജീവിതോദ്ദേശ്യം പൂർത്തീകരിച്ചുവെന്ന തിരിച്ചറിവ്‌ പോലെ ഒടുവിൽ ഒരു കടൽത്തീരത്തൊടുങ്ങുന്നു. അതിനെ പറ്റി എം മുകുന്ദൻ എഴുതിയിരിക്കുന്നത്‌ “അനാദിയായി പരന്നുകിടക്കുന്ന സമുദ്രത്തിൽ അങ്ങകലെ ഒരു വലിയ കണ്ണുനീർത്തുള്ളിപോലെ വെള്ളിയാങ്കല്ലു കാണാമായിരുന്നു. അവിടെ അപ്പൊഴും ആത്മാവുകൾ തുമ്പികളായി പാറി നടക്കുന്നുണ്ടായിരുന്നു. ആ തുമ്പികളിൽ ഒന്നു ദാസനായിരുന്നു” എന്നാണ്‌.

കാലങ്ങളെത്ര കഴിഞ്ഞാലും മനസ്സിൽ നിന്നു മായാത്ത ചില ഓർമ്മകളുണ്ട്‌. വായന കഴിഞ്ഞു പുസ്തകമടച്ചാലും ഉള്ളിനെ നീറ്റുന്ന ചില വരികളുണ്ട്‌. അത്തരം ഓർമ്മകളുടെയും വരികളുടെയും ഉത്തമ സങ്കലനമാണ്‌ എം മുകുന്ദന്റെ ഈ നോവൽ.

അതിനാൽ തന്നെ കൊറുമ്പിയമ്മയുടെ മനസ്സിൽ മാത്രമല്ല, കഥ വായിച്ചു തീർത്ത ഓരൊ മനുഷ്യന്റെ ഉള്ളിലും പാരതന്ത്ര്യത്തിന്റെയും അതിനോടുള്ള സമരസപ്പെടലിന്റെയും, വിധേയത്വത്തിന്റെയും ബഹുമാനത്തിന്റെയും വരേണ്യതയുടെയും വെള്ളക്കുതിരകളെ പൂട്ടിയ ലെസ്ലി സായ്‌വിന്റെ രഥം രാത്രിയുടെ നാഴികമണിയടിക്കുമ്പോൾ കുതിച്ചു പായുന്നു. മയ്യഴിയുടെ പൂർവ്വകാല ഗൃാതുരത ഒരു നുള്ള്‌ പൊടിക്കായി വിളിച്ചു ചോദിക്കുന്നു.

മയ്യഴിക്കു ഒരു ചരിത്രമുണ്ട്. ഫ്രഞ്ച് ഭരണത്തിൻറെ കോട്ടും തൊപ്പിയും ഷൂസുമിട്ട് കുതിരവണ്ടിപ്പുറത്തിരിക്കുന്നൊരു ചരിത്രം. ആ ചരിത്രത്തിനു ഒരുപിടി പോരാട്ടങ്ങളുടെയും സുഖ-ദുഃഖങ്ങളുടെയും , പ്രണയ-വിരഹങ്ങളുടെയും കഥകൾ പറയാനുണ്ട്.

ആ കഥകൾ കേൾക്കാൻ മയ്യഴി പുഴയുടെ തീരത്തിരുന്നൊന്നും ചെവിയോർത്താൽ മതി ,ജന്മത്തിനും പുനർജന്മത്തിനുമിടയിൽ വെള്ളിയാങ്കല്ലിൽ ആത്മാക്കൾ വിശ്രമിക്കുന്നുണ്ട്. പല തുമ്പികളായി അവർ അവിടെ പറന്നു കളിക്കുന്നുണ്ട്. പരസ്പരം അവ മയ്യഴിയുടെ കഥകൾ പറഞ്ഞു രസിക്കുന്നുണ്ട്.

വളരെ മനോഹരമായ ഒരു നോവൽ ആണ് ഇത്. മയ്യഴി എന്ന പ്രദേശത്തിന്റെ സമര ചരിത്രം വളരെ നന്നായി നോവലിസ്റ്റ് ഈ കൃതിയിൽ പ്രതിപാദിക്കുന്നു. മയ്യഴിലെ സൗന്ദര്യവും അവിടത്തെ ജനങ്ങളുടെ ജീവിതവും വായനക്കാരുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങും.

സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് ഫ്രഞ്ച് ജനത ഭരിച്ച മയ്യഴി എന്ന പ്രദേശത്തിന്റെ കഥ ആണ് ഇത്. ഒരു നാടിന്റെ കഥയോടൊപ്പം ദാസന്റെയും ചന്ദ്രികയുടെയും പ്രണയവും ഇതില്‍ ഇടകലരുന്നു.

മയ്യഴിയുടെ സ്വാതന്ത്ര്യചരിത്രം കൂടിയാണ് ഈ നോവൽ. ഈ നോവലിലെ എല്ലാ കഥാപാത്രത്തോടും വായനക്കാരന് മാനസികമായി ഒരു അടുപ്പം തോന്നും.

ഒരു വായനക്കാരൻ എന്ന നിലയിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് കുറുമ്പിയമ്മയുടെ കഥാപാത്രം ആണ്. ഫ്രഞ്ച് സായിപ്പിനോടുള്ള അവരുടെ സ്നേഹവും ആരാധനയും, അവർ കപ്പൽ കയറി നാട് വിട്ടു പോകുമ്പോൾ, അവർ തിരിച്ചു വരുന്നതിനു വേണ്ടി മരണം വരെയുള്ള കാത്തിരിപ്പും തികച്ചും വ്യത്യസ്തമായ ഒരു വായനാനുഭവം ആണ്.

Share with:


About the Author

Ashu Ashly
അക്ഷരങ്ങളുടെയും സിനിമകളുടെയും ലോകത്ത് പറന്നു നടക്കാൻ ഇഷ്ടം. പ്രണയമാണ് അക്ഷരങ്ങളോട്.

Be the first to comment on "Mayyazhippuzhayude Theerangalil | Book Review (Malayalam)"

Leave a comment

Your email address will not be published.