അഗതികളായ വിധവകൾ, അവരാണത്രേ മീരാസാധു. ഈ പുസ്തകത്തിലുടനീളം അങ്ങനെയൊരു മീരാസാധുവിനൊപ്പമാണ് നമ്മുടെ യാത്ര. പ്രേമത്തിനാൽ ഭ്രാന്തിയാക്കപ്പെട്ടവൾ. ഭൂമിയിൽ ഏതൊരു വസ്തുവിനെക്കാളേറെയും പ്രേമിക്കുകയും പ്രേമിക്കപ്പെടുകയും ചെയ്തവൾ. സത്യത്തിൽ അവളൊരിക്കലും വിധവയായിരുന്നില്ല; മറിച്ച് അവളുടെ പകയാണ് വിധവയെന്ന അവസ്ഥയെ സ്വീകരിച്ചത്.
നമ്മുടെയെല്ലാം ഭാവനകളിലെ വൃന്ദാബന്റെ ചിത്രത്തെ അപ്പാടെ മാറ്റിക്കൊണ്ടാണ് ഇവിടെ കഥ തുടങ്ങുന്നത്. ചാണകവും മൂത്രവും കഫവും തുപ്പലും നിറഞ്ഞ വഴികളിലൂടെയാണവൾ ആ നഗരത്തിലേക്ക് കടന്നുവരുന്നത്. അയ്യായിരത്തിലേറെ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന, നമ്മൾ പുണ്യ നഗരിയെന്നു വിശേഷിപിക്കുന്ന മധുരയിലേക്ക്. പുലർച്ചെ യമുനയിൽ കുളിച്ച്, തന്റെ മൊട്ടത്തല സാരിത്തലപ്പാൽ മറച്ച് അനുഭവങ്ങളുടെ തീച്ചൂളയിൽ സ്വയം വെന്തുരുകി അവൾ ഭഗവാൻ ഗോവിന്ദന്റെ വിധവയായി നീണ്ട പന്ത്രണ്ടു വർഷങ്ങൾ അവൾ ധർമശാലയിൽ കഴിച്ചു കൂട്ടി. എട്ടുവർഷം മാത്രംനീണ്ടുനിന്ന ദാമ്പത്യം അവളുടെ സിരകളിൽ വിഷവും പകയും നിറച്ചു. ഋതുഭേദങ്ങളില്ലാതെ ക്ഷേത്രനടകളിൽ അവളുടെ ജീവിതത്തിലെ ഏകപുരുഷനെ പ്രേമം കൊണ്ട് പവിത്രീകരിക്കാൻ പകയോടെ അവൾ യാചിച്ചു.
നമ്മുടെ മനസ് അമിതമായി എന്തെങ്കിലും ആഗ്രഹിച്ചാൽ അവ നമ്മെ തേടിവരുമെന്ന് കേട്ടിട്ടില്ലേ. മീരയുടെ യാചനകൾ വെറുതെയായില്ല, മാധവൻ വരികതന്നെ ചെയ്തു. അയാളെ കണ്ടമാത്രയിൽ അവളുടെയുള്ളിൽ പക നിറഞ്ഞു, അയാളുടെ ചോരയ്ക്കായി അവളുടെ നാവ് തരിച്ചു. അങ്ങേയറ്റം വൃത്തിഹീനമായ തെരുവിൽ, എല്ലും തോലും മാത്രമായ മീരയെ കണ്ടഞെട്ടലിൽ മാധവൻ ബോധരഹിതനായി. ആരൊക്കെയോ ചേർന്ന് അയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ അതൊന്നും മീരയുടെ പകയെ അടക്കിയില്ല, അവളുടെ മനസിനേറ്റ മുറിവുകളിൽ നിന്ന് ചോര കിനിയാൻ തുടങ്ങി. ധർമശാലയിലെ ആ രാത്രി മീരയ്ക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.
അവൾ മാധവനെ ആദ്യമായി കണ്ടനാൾ ഓർത്തു. ഐ.ഐ.ടിയിലെ മിടുക്കിയായ വിദ്യാർത്ഥിയായിരുന്ന തന്നെ ഓർത്തു. മാധവന്റെ പൊള്ളയായ വാക്കുകളിൽ വിശ്വസിച്ച് ധീരനായ ഐ.ജിയായിരുന്ന തന്റെ അച്ഛനെയും, രോഗിയായ അമ്മയെയും, രണ്ട് സഹോദരിമാരെയും ഓർത്തു. എന്നാൽ അവരെക്കാളേറെ അവളെ ദുഃഖിപ്പിച്ചത് വിനയന്റെ ഓർമകളാവണം. കാരണം തന്റെയും മാധവന്റെയും സുഹൃത്തായ വിനയനുമായുള്ള വിവാഹം ഉറപിച്ചതിനു ശേഷമാണല്ലോ അവൾ മാധവനുമായി ഒളിച്ചോടിയത്. മാധവനുമായി വിവാഹ ജീവിതം തുടക്കത്തിൽ മധുരമേറിയതായിരുന്നു. എന്നാൽ നാളുകൾ കഴിഞ്ഞപ്പോൾ പഴയതുപോലെതന്നെ സഖിമാരും വന്നു പോയ്ക്കൊണ്ടിരുന്നു. മീരയുടെ പരിഭവങ്ങളത്രെയും മാധവൻ അസൂയയെന്ന് ചിരിച്ചുതള്ളി. തന്റെ വിധിയെ പഴിച്ച് രണ്ടുമക്കളുമായി ആ ഫ്ലാറ്റിൽ കഴിഞ്ഞുകൂടാനേ മീരയ്ക്ക് നിവൃത്തിയുണ്ടായുള്ളൂ. ഒരിക്കലും തന്റെ വിധിയെയോർത്ത് അവൾ കണ്ണുനീർ പൊഴിച്ചില്ല. യാതനകളുടെ ജീവിതത്തിൽ ഏറ്റവും അസഹനീയമായ വാർത്തയായിരുന്നു മാധവന്റെ പുനർ വിവാഹത്തിനുള്ള ഒരുക്കം. ഒരുപക്ഷേ, അതോടെയാവാം മീരയുടെ മനോനില തെറ്റിയത്. തന്റെ മക്കളെപ്പോലും അവൾ അങ്ങനെയാവണം കൊന്നുകളഞ്ഞത്.
എട്ടുവർഷം നീണ്ട ദാമ്പത്യം അങ്ങനെയാണ് മീര അവസാനിപ്പിച്ച് മധുരയിലേക്ക് വരുന്നത്. എങ്കിലും അവൾ മാധവനെ പ്രണയിച്ചു, മാധവനെ മാത്രമേ മീര പ്രണയിച്ചുള്ളൂ. പക്ഷെ, മാപ്പു കൊടുക്കാൻ അവൾ തയാറായിരുന്നില്ല. ഒടുവിൽ മീര മാധവനെ കാണാൻ ആശുപത്രിയിലേക്ക് പോയി. തന്റെ തെറ്റുകൾക്ക് മാപ്പപേക്ഷിച്ചു കൊണ്ട് മാധവൻ കേണിട്ടും മീര ചിത്തഭ്രമം ബാധിച്ച കണക്കെ ചിരിക്കുകയാണുണ്ടായത്. വിരൽ കുടിച്ചും മുഖം ചുളിച്ചും മരിച്ചു കിടന്ന മക്കളെയോർത്ത് ചിരിച്ചു. തന്റെ ജീവിതത്തിലെ ഏക പുരുഷന് സ്വന്തം മരണത്തിലൂടെയാണ് മീര മറുപടി നൽകിയത്. ആരാലും ആഗ്രഹിക്കപ്പെടാത്ത നീറുന്ന മരണം!
ആൺവഞ്ചനയിൽ സ്വയം നഷ്ടപ്പെടുത്തിയ, പനിനീർപ്പൂവിന്റെ മണമുളള പാവം പെൺകുട്ടിയായിരുന്നു തുളസിയെന്ന മീര. അവൾ അതേ തീവ്രതയോടെതന്നെ ആ പക വീട്ടുന്നു. വളരെ വ്യത്യസ്തമായൊരു പകവീട്ടിൽ! ഭക്തിയും കാമവും അതിന്റെ തീവ്രശോഭയിൽ പ്രകാശിതമാകുന്നു ഇവിടെ.
Be the first to comment on "പനിനീർ പൂവിന്റെ നറുമണമുള്ളവൾ | Meerasadhu by KR Meera"