Political Correctness and Cinema | പൊളിറ്റിക്കൽ കറക്റ്റ്നെസ്സും സിനിമയും

Political Correctness in cinema

പൊളിറ്റിക്കൽ കറക്റ്റ്നെസ്സും സിനിമയും. ഇന്നേറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിൽ ഒന്നാണിത്. സിനിമ പൊളിറ്റിക്കലി കറക്റ്റ് ആവേണ്ട ആവശ്യമുണ്ടോ ഇല്ലയോ? രണ്ടു ഭാഗത്തു നിന്നും വാദപ്രതിവാദങ്ങൾ അനവധി ആണ്. സിനിമയെ സിനിമയായി കാണണമെന്നും അതിലെ നന്മ തിന്മകളെ ഇഴകീറി പരിശോധിക്കാൻ മെനക്കെടരുത് എന്നുമാണ് ഒരുകൂട്ടർ പറയുന്നത്. സിനിമ ഒരു സമൂഹത്തിന്റെ ആഴത്തിൽ സ്വാധീനം ചെയ്യുന്ന മാധ്യമം ആണെന്നും അതുകൊണ്ടുതന്നെ അവയിലെ ശരിതെറ്റുകളെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നുമാണ് മറ്റൊരു കൂട്ടർ പറയുന്നത്. നമുക്കും രണ്ടു ഭാഗവും വിശദമായി ഒന്നാലോചിച്ചു നോക്കാം.

സിനിമയുടെ സ്വാധീനത്തെ കുറിച്ചാണ് ആദ്യം ആലോചിക്കേണ്ടത്. സിനിമയെ വെറും വിനോദത്തിനുള്ള ഉപാധി മാത്രമായി കാണുന്ന ഒരു വലിയ വിഭാഗം മനുഷ്യർ ഉണ്ടെന്നതിൽ തർക്കമില്ല. ഒഴിവുദിവസങ്ങൾ ഒരിത്തിരി സന്തോഷകരമാക്കാനും, പണിത്തിരക്കിനിടയിലെ ചെറിയ ഇടവേളകളിൽ ആശ്വാസം ലഭിക്കാനും സിനിമയെ ആശ്രയിക്കുന്നവർ അനവധി ആണ്. എന്നാൽ സിനിമയെ നെഞ്ചിലേറ്റുന്ന അതിനെ കുറിച്ച് നിരന്തരം ചർച്ച ചെയ്യുകയും പഠിക്കുകയും ചെയ്യുന്ന മറ്റുചിലരും ഈ രണ്ടിനുമിടയിലുള്ളവരും ഉണ്ട്. ഈ മൂന്ന് വിഭാഗത്തിലും പക്ഷേ സിനിമയും അതിലെ കഥാപാത്രങ്ങളുമൊക്കെ ഒരുപാട് ആഴത്തിൽ അറിഞ്ഞോ അറിയാതെയോ സ്വാധീനിക്കുന്നുണ്ട് എന്നതാണ് വാസ്തവം.

പുസ്തകങ്ങൾ പോലെയല്ല സിനിമ

നമ്മുടെയൊക്കെ കുട്ടിക്കാലത്ത് “മോഹൻതോമസിന്റെ ഉച്ഛിഷ്ടവും അമേധ്യവും കൂടിക്കുഴച്ച്” എന്നേറ്റു പറയാത്ത ഒരൊറ്റ കുട്ടിയെങ്കിലും ഉണ്ടായിരുന്നോ? പ്രേമം റിലീസ് ആയതിന് ശേഷമുള്ള ഓണക്കാലത്ത് കോളേജുകളിലും സ്കൂളുകളിലും തരംഗമായിരുന്നു കറുത്ത ഷർട്ടും മുണ്ടും. തോൾ ചരിഞ്ഞുള്ള നടത്തം നമുക്ക് ഇഷ്ടരീതി ആയിത്തുടങ്ങിയതും മുഖക്കുരുവും അഴിച്ചിട്ട മുടിയും നമ്മുടെ വേറിട്ട സ്റ്റൈൽ ആയി മാറിയതും സിനിമ വഴി തന്നെയാണ്. ഇതൊക്കെ നമ്മൾ മനഃപൂർവമോ അല്ലാതെയോ അനുകരിക്കുന്നവ തന്നെയാണ്. ഒരു താരത്തിന്റെ വസ്ത്രരീതിയും കഥാപാത്രങ്ങൾ പറയുന്ന ഡയലോഗുകളും പോലും നമ്മൾ ജീവിതത്തിന്റെ ഭാഗമാക്കുന്നുണ്ട്. പിന്നെ സിനിമയുടെ സ്വാധീനം ഒട്ടുമില്ല എന്ന് വാദിക്കുന്നതിൽ എന്തർത്ഥമാണ് ഉള്ളത്.


പുസ്തകങ്ങൾ പോലെയല്ല സിനിമ, വായിക്കുന്നവരെക്കാൾ കൂടുതൽ പേർ സിനിമ കാണുന്നുണ്ട്. ദൃശ്യങ്ങൾക്ക് വളരെ പെട്ടെന്ന് കാണികളെ കീഴ്പ്പെടുത്താൻ കഴിയും. ഇത്രമേൽ വലിയ ഒരു സമൂഹത്തിന്റെ ചിന്താരീതികളിൽ കടന്നുചെല്ലാനും മാറ്റങ്ങൾ വരുത്താനും കഴിയുന്ന ഒരു മാധ്യമം പൊളിറ്റിക്കലി കറക്റ്റ് ആയേ പറ്റു. അത് ആവിഷ്കാര സ്വാതന്ത്ര്യത്തെ ബാധിക്കുന്നുവെന്നും ആസ്വാദനത്തെ തകരാറിലാക്കുന്നുവെന്നുമുള്ള വാദങ്ങൾ വെറും പൊള്ളത്തരങ്ങൾ മാത്രമാണ്.

കറുപ്പും തടിയും

കാലാകാലങ്ങളായി മേൽപ്പറഞ്ഞത് പോലെ സിനിമ നമ്മളിൽ കുത്തിവച്ചിട്ടുള്ള ചില കാര്യങ്ങളുണ്ട്. ഉദാഹരണങ്ങൾ സഹിതം വ്യക്തമാക്കാവുന്നതേ ഉള്ളു. ഓണം പ്രമാണിച്ച് ഈ അടുത്തിറങ്ങിയ Love Action Drama എന്ന സിനിമയിൽ പോലുമുള്ള ഒരു ഡയലോഗുണ്ട്. നായിക “ഫെമിനിസ്റ്റ്” ആണെന്ന്. ഏത്? തീവ്രവാദിയാണ് കൊലപാതകി ആണ് എന്നൊക്കെയുള്ള എക്സപ്രഷൻ ഇട്ടാണ് നായകന്റെ കൂട്ടാളികൾ പറയുന്നത് എന്നാലോചിക്കണം. ഫെമിനിസ്റ്റുകൾ സമൂഹത്തിൽ അപകടം വിതക്കുന്ന ഉപദ്രവകാരികളായ, ഭർത്താക്കന്മാർ ‘നിലക്ക് നിർത്തേണ്ട’ ക്ഷുദ്രജീവികളാണ് എന്നാണ് സിനിമ പണ്ട് തൊട്ടേ നമ്മെ പഠിപ്പിച്ചിട്ടുള്ളത്. പ്രബുദ്ധരായ മലയാളികൾ അത് വിശ്വസിച്ചിട്ടുമുണ്ട്.

കടുത്ത വർണവിവേചനത്തിന്റെ വിളയിടങ്ങൾ കൂടി ആണ് നമ്മുടെ പല സിനിമകളും. “ഇതേ പോലൊരു സാധനത്തിനെ നീ പ്രേമിച്ചു” എന്ന് ആക്ഷൻ ഹീറോ ബിജുവിൽ നായകൻ പറയുമ്പോൾ പ്രേക്ഷകർ ആർത്തുച്ചിരിച്ചിട്ടുണ്ട്. എന്താണ് ആ സ്ത്രീയുടെ കുറവ് എന്ന് തിരിച്ചുചോദിക്കാനോ ചിന്തിക്കാനോ നമ്മൾ മെനക്കെട്ടിട്ടില്ല. “കറുത്തിട്ടാണെങ്കിലും ഓന്റെ മനസ് വെളുത്തിട്ടാ” എന്ന് എത്രയെത്ര സിനിമകളിൽ നാം കേട്ടിട്ടുണ്ട്. എന്ന് മുതലാണ് കറുപ്പ് നിറവും തടിയുമൊക്കെ നമുക്ക് മോശമായി തുടങ്ങിയത്. കളിയാക്കാനും കുറ്റപ്പെടുത്താനും പരിഹസിക്കാനുമുള്ള കാരണങ്ങൾ ആയി മാറിയത്? ചായം തേച്ചു വെളുപ്പിച്ചവർ മാത്രമായിരുന്നു നമ്മുടെ നായികാ നായക സങ്കല്പങ്ങളിൽ ഉണ്ടായിരുന്നത്. അവർ മാത്രമായിരുന്നു നമ്മുടെ താരങ്ങൾ. ഇന്നും അതിന് വലിയ മാറ്റമൊന്നും വന്നിട്ടില്ല എന്നാണ് തോന്നുന്നത്.

“ഇതെന്ന ചാധനം ചാമി” എന്ന് പറഞ്ഞുകൊണ്ട് ആദിവാസി സമൂഹം നമുക്കൊക്കെ പരിഹസിക്കാനുള്ള ഒന്നാണെന്ന് പഠിപ്പിച്ചത് സിനിമകൾ തന്നെയാണ്. നമുക്കിതൊക്കെ ചിന്തിക്കാൻ എന്നാണ് സമയമുള്ളത്? പൊട്ടിച്ചിരിക്കാൻ ഉള്ള തമാശകളല്ലേ ഇവയെല്ലാം. ഇതൊക്കെ സമൂഹത്തിൽ പടർത്തുന്ന വിഷമയമായ പൊതുബോധത്തെ കുറിച്ചു ചിന്തിക്കാനും തിരുത്താനുമുള്ള സമയം ഒരുപാട് വൈകിയിരിക്കുന്നു എന്നതാണ് സത്യം.

“സിനിമയിലെ കഥാപാത്രങ്ങൾ ഒക്കെ നന്മമരങ്ങൾ ആവണോ അപ്പോൾ?” എന്നതാണ് പൊളിറ്റിക്കൽ കറക്റ്റ്നസ്സിനെ കുറിച്ച് സംസാരിക്കുമ്പോൾ ഉള്ള പൊതു ചോദ്യം. ദയവ് ചെയ്ത് മനസിലാക്കുക, ഒരു നിർബന്ധവുമില്ല. സിനിമ പൊതുസമൂഹത്തിന്റെ കണ്ണാടി ആണ് എന്ന നിലക്ക് അതിൽ മോഷണവും പിടിച്ചുപറിയും കൊലപാതകവും സ്ത്രീവിരുദ്ധതയും ഒക്കെ കാണിക്കാവുന്നതാണ്. പക്ഷേ ഇതൊക്കെ തെറ്റാണ് എന്ന് കാണുന്നവർക്ക് തോന്നുന്ന രീതിയിൽ ആവണം അവതരിപ്പിക്കുന്നത് എന്ന് മാത്രം. സിനിമക്ക് അവശ്യമായിരിക്കെ തെറ്റിനെ തെറ്റായും ശരിയെ ശരിയായും കാണിക്കുന്നതെന്തും ഏതും നല്ലത് തന്നെയാണ്.

ആവശ്യമില്ലാത്ത മസാല കണ്ടന്റുകളിൽ കാണുന്നവരെ കുടുകുടെ ചിരിപ്പിക്കാൻ കുത്തിത്തിരുകുന്ന, ഹീറോയിസം എന്ന് തെറ്റിദ്ധരിപ്പിക്കുന്ന സ്ത്രീ വിരുദ്ധതയും നിലവാരമില്ലാത്ത ഡബിൾ മീനിംഗ് ജോക്കുകളുമാണ് ഒഴിവാക്കേണ്ടത്. ചുമ്മാ കാലു കൊണ്ട് തൊഴിക്കാൻ വേണ്ടി അനുരാധമാരെ പ്രേമിക്കുന്ന ഇന്ദുചൂഡന്മാർ ഹീറോകൾ ആണോ എന്ന് നമുക്ക് ഒന്നു കൂടി ചിന്തിച്ചു നോക്കാം. നീ വെറും പെണ്ണാണ് എന്ന് കേൾക്കുമ്പോൾ ഇനിയും രോമം എഴുന്നേറ്റ് നിൽക്കുന്നുണ്ടെങ്കിൽ അതേ സ്വന്തം അമ്മയെയും പെങ്ങളെയും കാമുകിയെയും ഭാര്യയെയും ഒക്കെ ഒന്നോർത്തു നോക്കണം. അവരൊക്കെ ‘വെറും’ ഗണത്തിൽ പെടുത്താൻ കഴിയും വിധം ചെറുതായിരുന്നോ എന്നാലോചിച്ചുറപ്പ് വരുത്തണം.

നായകൻ “നീ വെറും ഒരു പെണ്ണാണ്”

ചരക്ക്, പടക്കം, വെടി, എത്രയെത്ര പേരുകൾ. നാട്ടിലുള്ള പെണ്ണുങ്ങളെ, കൂടെ പഠിക്കുന്ന പെൺകുട്ടികളെ അഭിസംബോധന ചെയ്യാൻ നാം കണ്ടെത്തിയ വിശേഷണങ്ങൾ ആണ്. എവിടെ പടർന്നു പന്തലിച്ച വാക്കുകൾ ആണ് ഇവയെന്നതിൽ സംശയമുണ്ടെങ്കിൽ ഒരിത്തിരി പിന്നോട്ട് പോയി അക്കാലത്തെ സിനിമകൾ ചികഞ്ഞാൽ മതിയാവും. നായകനുൾപ്പെടെ സ്ത്രീകളെ വിളിക്കുന്നത് അങ്ങനെ ഒക്കെയാവും (എല്ലാ സിനിമകളും എന്നല്ല). ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ട സ്ത്രീകൾക്ക് മുന്നിലുള്ളത് ആകെ മരണം ആണെന്നും ഇനി അഥവാ അല്ലെങ്കിൽ ‘പരിശുദ്ധി’ നഷ്ടപ്പെട്ട അവളെ കല്യാണം കഴിപ്പിച്ചയക്കേണ്ടത് പീഡിപ്പിച്ചവനൊപ്പമാണെന്നും മലയാള സിനിമ നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്.

സർവം സഹയായ, ദുഃഖത്തിൻ മുള്ളുകൾ പുഷ്പങ്ങളാക്കുന്ന എപ്പോഴും ശാന്തയായ സ്ത്രീ സങ്കൽപ്പങ്ങളെ വാർത്തെടുത്തിന് പിന്നിൽ സിനിമയ്ക്കുള്ള പങ്ക് ചെറുതല്ല. ഇടക്കെങ്കിലും പൊട്ടിത്തെറിക്കുന്ന,മറുത്തു സംസാരിക്കുന്ന, വിരൽ ചൂണ്ടുന്ന, ചോദ്യങ്ങൾ ഉന്നയിക്കുന്ന സ്ത്രീകൾ നമുക്ക് അങ്ങനെ തന്റേടികളും വഴി പിഴച്ചവരും തല തെറിച്ചവരും ഒക്കെയായി. ഒത്തുകൂടാനാവാത്ത ബന്ധങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുന്നതും പ്രണയാഭ്യർത്ഥന നിരസിക്കുന്നതും പലപ്പോഴും ‘തേപ്പ്’ എന്ന പേരിൽ സ്ത്രീയുടെ മേൽ അടിച്ചേല്പിക്കപ്പെടുന്നതിന് പിന്നിൽ സിനിമയുടെ പങ്ക് ഒട്ടും ചെറുതല്ല. ബലം പ്രയോഗിച്ചു വരുതിയിലാക്കലും, മുഖത്ത് ശക്തമായി നാലാഞ്ചടി കൊടുക്കുന്നതും റൊമാൻസ് ആണെന്ന് സിനിമകൾ തെറ്റിദ്ധരിപ്പിച്ചിരുന്നു.

നാഴികക്ക് നാല്പതുവട്ടം പുറകെ നടന്നു സമ്മതിപ്പിക്കുന്ന പ്രണയങ്ങൾ വിശുദ്ധ പട്ടികയിൽ ഇടം നേടിയപ്പോൾ, സ്വവർഗാനുരാഗവും ലൈംഗികതയും നിലവാരം കുറഞ്ഞ ദ്വയാർത്ഥ പ്രയോഗങ്ങളുടെ വിളനിലമാക്കി മാറ്റി. കുടവയറുള്ളവരും നല്ലവണ്ണം മെലിഞ്ഞവരും നമുക്ക് സിനിമയിലുടനീളം ചിരി പടർത്താനുള്ള മരുന്നുകൾ ആയിരുന്നല്ലോ. കുടക്കമ്പിയെന്നും വീപ്പക്കുറ്റിയെന്നും ശരീരത്തിന്റെ വലിപ്പ വ്യത്യാസങ്ങളെ നമ്മൾ പരിഹസിച്ചു ശീലിച്ചു. വിട്ടുകൂടാനാവാത്ത മറ്റൊന്നാണ് പാണ്ടി, അണ്ണാച്ചി തുടങ്ങിയ വിളികൾ. അവക്കൊക്കെ കാലങ്ങളായി സിനിമകൾ വ്യത്യസ്തങ്ങളായ അർത്ഥങ്ങൾ ചമച്ചിട്ടുണ്ട്.

പൊളിറ്റിക്കൽ കറക്റ്റ്നെസ്സ്

പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് മുകളിൽ വിവരിച്ചത് പോലെ ഒരൊറ്റ ഡയമെൻഷനിൽ പറഞ്ഞു തീർക്കാൻ കഴിയുന്നതല്ല എന്നതാണ് മറ്റൊരു വാസ്തവം. വർഷങ്ങളായി കള്ളുകുടിയും കഞ്ചാവ് വലിയുമൊക്കെ നമുക്ക് ഹീറോയിസം ആണെന്ന് കാണിച്ചു തന്നത് സിനിമകൾ തന്നെ ആണല്ലോ. എന്ന് കരുതി സിനിമകൾ ഒക്കെയും ‘സ്പിരിറ്റ്’ ആക്കാൻ കഴിയില്ലല്ലോ. എല്ലാ സിനിമകളും നല്ല മെസേജുകൾ കൊടുക്കുന്ന സാമൂഹികപ്രതിബദ്ധത ഉള്ളവ ആവണമെന്നു വാശി പിടിക്കാൻ കഴിയില്ല, ശരിയാണ്.

എങ്കിലും ചെയ്യാൻ കഴിയുന്ന ഒന്നുണ്ട്. സിനിമ ഉണ്ടാക്കുന്ന ഡാമേജുകൾ സിനിമയിലൂടെ തന്നെ പരിഹരിക്കാൻ കഴിയും. നാലെണ്ണം അടിച്ചാലും നഗരം നഗരം മഹാസാഗരം എന്ന് നാക്കു കുഴയാതെ പാടാൻ കഴിയാത്ത മദ്യപാനി അല്ലാത്ത മനുഷ്യൻ നമുക്ക് മോശക്കാരൻ ആവുന്നുവെങ്കിൽ അത് അവതരണത്തിലുള്ള പാളിച്ചയല്ലേ. നേരെ മറിച്ച് മദ്യപാനി ആയ മനുഷ്യന്റെ കാഴ്ചപ്പാട് ആണ് ഇതെന്ന് വരുത്തിയാൽ അതൊരു പ്രശ്നമാവില്ല താനും. അവതരണ രീതി അത്രമേൽ പ്രാധാന്യം അർഹിക്കുന്ന ഒന്നാണെന്ന് അർത്ഥം. വ്യക്തിപരമായി “A maker does have social responsibility” എന്ന് തന്നെയാണ് വിശ്വസിക്കുന്നത്.


അത്രയൊന്നുമില്ലെങ്കിലും നിലവിൽ കത്തിക്കയറിക്കൊണ്ടിരിക്കുന്ന അതേ സാമൂഹിക അസമത്വത്തിനും, ജാതിമതലിംഗവർണദേശ വിവേചനത്തിനും എരിതീയിൽ എണ്ണ ഒഴിക്കുന്ന പോലെ ഉള്ള രംഗങ്ങൾ എങ്കിലും ഒഴിവാക്കാൻ ഒരു കലാകാരന്, ഒരു സാധാരണ പൗരന് വലിയ ബുദ്ധിമുട്ടുണ്ടാവില്ല. ഇതൊക്കെ പറഞ്ഞിട്ടും വീണ്ടും പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് നിങ്ങളുടെ ആസ്വാദനത്തെയും ആവിഷ്കാരസ്വാതന്ത്ര്യത്തെയും മോശമായി ബാധിക്കുന്നുണ്ട് എന്നാണ് തോന്നുന്നത് എങ്കിൽ, ആ ആസ്വാദനം നിങ്ങൾ വേണ്ടെന്ന് വച്ചേ മതിയാവൂ. കാലങ്ങളായി സോഷ്യൽ കണ്ടീഷണിങ് വഴി രക്തത്തിൽ അലിഞ്ഞു ചേർന്ന പൊതുബോധത്തെ ബലം പ്രയോഗിച്ചാണെങ്കിലും തിരുത്തിയേ മതിയാവൂ. ‘Guilty Pleasure’ എന്ന് വിളിച്ച് ഉള്ളിൽ സൂക്ഷിച്ചു സുഖിക്കുന്ന തെറ്റുകളെ തെറ്റുകളായി അംഗീകരിച്ചു കൊണ്ട് സമൂഹത്തിന് മുന്നിൽ ചൂണ്ടിക്കാട്ടാനും വിളിച്ചുപറയാനും ഓരോ സിനിമാപ്രേമിക്കും കഴിയുക തന്നെ വേണം. അപ്പോഴാണ് ഒരു നല്ല നാളേക്ക് വേണ്ടിയുള്ള സ്വപ്നം സഫലമാവുന്നത്, യാഥാർഥ്യമാവുന്നത്.

Share with:


About the Author

ശിൽപ നിരവിൽപുഴ
B'Tech Graduate. Blogger. Passionate about books and movies.

Be the first to comment on "Political Correctness and Cinema | പൊളിറ്റിക്കൽ കറക്റ്റ്നെസ്സും സിനിമയും"

Leave a comment

Your email address will not be published.